കാഞ്ചനയും അലീനയും
കാത്തു കാത്തിരുന്നു അവസാനം മൊയ്തീനെ കണ്ടു. നേർത്ത് പെയ്യുന്ന മഴയിൽ കോഴിക്കോട് ഓടി നടന്നു വളർന്ന തെരുവിലെ കോറനേഷൻ തീയറ്ററിൽ ഒരു മാസമായിട്ടും റ്റിക്കറ്റ് കിട്ടാതെ മടങ്ങുന്നവ രുടെ അസൂയാവഹമായ നോട്ടത്തിൽ ഒരു വിജയിയെ പോലെ വെളിച്ചം മങ്ങിയ തണുപ്പിലേക്ക് പ്രവേശിച്ചു... അപൂർണതയിൽ പൂർണതയിലേക്കെത്തിയ പ്രണയത്തെ പ്രത്യേകിച്ച് സ്ഥിരം മസാലക്കൂടുകൾ ഇല്ലാതെ മൂന്നു മണിക്കൂർ അവതരിപ്പിക്കുക എന്ന കഠിന ദൗത്യം വളരെ ഭംഗിയായി തന്നെയാണ് അതിന്റെ അണിയറ പ്രവർത്തകർ ഒരുക്കിയത്...
എന്നാൽ സിനിമ കണ്ടിറങ്ങിയത് മറ്റൊരു തീക്ഷണ പ്രണയത്തിന്റെ ഓർമ്മകൾ ഉണർത്തി കൊണ്ടാണ്...
തിരുവനന്തപുരത്തെ യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ PGക്ക് പഠിക്കുന്ന സമയം .. ഇന്നത്തെ ആശയ വിനിമയ സംവീധാനം ഒന്നുമില്ലാത്ത ഞങ്ങൾ ആകെ ആശ്രയിച്ചത് ഒരു ഫോൺ.പ്രി ഡിഗ്രി മുതൽ Ph.Dവരെ യുള്ള വിദ്ധ്യർത്ഥികൾ.. തീവ്ര പ്രണയങ്ങു ടെയും നഷ്ട്ട പ്രണയങ്ങളുടെയും കഥകൾ പ്രതിധ്യ നിക്കുന്ന നീണ്ട ഇടനാഴികൾ. ഫോൺ ബെല്ലിന്റെ മുഴക്കം കഴിഞ്ഞുള്ള നീശബദ്ധത കഴിഞ്ഞാൽ പിന്നെയുളത് ഉച്ഛസ്ഥായിലുള്ള ഒരു വിളിയായിരിക്കും
'216 ലെചിത്ര യുണ്ടോ?,
312 ലെ റീനയുണ്ടോ?
പിന്നെ കേൾക്കുന്നത് മറുപടിയായി ഓടുന്ന കാലൊച്ചകൾ... 310 ലെ അലീനയ്ക്കും വരുമായിരുന്നു സ്ഥിരമായി കോളുകൾ.. അലീന ... കോളേജിൽ ഞങ്ങൾ ഒരേ ക്ലാസ്സിലായിരുന്നെങ്കിലും ഞങ്ങൾ തമ്മിൽ അടുപ്പം ഒന്നുമില്ല .വാലിട്ട് കണ്ണെഴുതി മു ടി ഇരുവശവമായി പിന്നിയിട് ഒര് സൈഡിൽ ഷാളുമണിഞ്ഞ് വളരെ പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്ന അവളുടെ ലോകവും തെറ്റിതെറിച്ച് നടക്കുന്ന എന്റെ ലോകവും വേറെ വേറെ.. അലങ്കിൽ തന്നെ എനിക്കെന്ത് ലോകം? വീണിടം വിഷ്ണുലോകം.. അന്നും ഇന്നും. പതിവിലാതെ ഒരു ദിവസം റൂമിലേക്ക് കയറി വന്ന അവൾ എന്നോട് ചോദിച്ചു .-അടുത്ത ഞാറാഴ്ച്ച കുർബാനയ്ക്ക് പോവുമ്പോ ഞാൻ കൂടെ വരട്ടെ?, രൂപം കൊണ്ടൊ ഭാവം കൊണ്ടോ പേര് കൊണ്ടോ മലബാറിലെ മൊഞ്ചത്തി'മാരുടെ ഗണത്തിൽ പെടാത്തത് കൊണ്ട് പലപ്പോഴും മറ്റൊരു മത വിഭാഗത്തിൽ പെട്ടവളാണ് ഞാൻ എന്ന് ആളുകൾ തെറ്റിധരിക്കുന്നത് ആദ്യമായല്ല. എന്റെ കണ്ണിലെ കുസൃതിയും മേശ പുറത്തിരിക്കുന്ന കൃഷ്ണന്റെ പ്രതിമയും അവളെ ആകെ കുഴക്കി കാണും.പോരാത്തതിന് മുറിയിലുള്ള മറ്റുള്ളവരുടെ ചിരിയും .. ആരോ അവളുടെ തെറ്റിദ്ധാരണ തിരുത്തി... ഒന്നും മിണ്ടാതെ അലീന മുറിയിൽ നിന്നിറങ്ങി പോയി.. ഇത്തിരി പൊങ്ങച്ചക്കാരിയായി ഞങ്ങൾക്ക് തോന്നിയിട്ടുള്ളത് കൊണ്ട് ചിരിക്കാൻ കിട്ടിയ അവസരം പാഴാക്കിയില്ല. ശ്രീപത്മനാഭ ക്ഷേത്രത്തിൽ അർച്ചനയ്ക്കായ് രാജശ്രീ തന്റെ ബന്ധുകൾക്കൊപ്പം എന്റെ പേര് കൂടി പറയുമ്പോൾ പോറ്റി ഒന്നു പുരികം ഉയർത്തി നോക്കുന്ന തക്കത്തിൽ അവളുടെ കണ്ണ് വെട്ടിച്ച് ക്ഷേത്രത്തൂണുകളുടെ മറവിൽ ഒളിച്ച് കളിക്കുമ്പോൾ കൈ കൂപ്പി പത്മനാഭനെ കണ്ണുമടച്ച് ധ്യാനിച്ച് നിൽക്കുന്ന അലീനയെ കണ്ടിട്ടുണ്ട്. ആ നി ൽപ് മതി ഏത് ഭഗവാനും പ്രത്യക്ഷപെടാൻ.. വലിയ ഏതോ നായർ തറവാട്ടിലെ ഇഞ്ചിനിയറായ അച്ഛന്റെ മൂന്ന് പെൺമക്കളിൽ മൂത്തവൾ.. പഠിക്കാൻ മിടുക്കി.. വീട്ടുകാരെ ഞെട്ടിച്ച് കൊണ്ട് തന്റെ പ്രണയം പ്രഖ്യാപിച്ചവൾ. ഒന്നാം ക്ലാസ്സുമുതൽ ഒന്നിച്ച് പഠിച്ച ആൽബെർട് അല്ലാതെ തന്റെ ജീവിതത്തിൽ മറ്റൊരു പുരുഷനില്ലെന്ന് തീരുമാനിച്ചുറപ്പിച്ചവൾ.. ഭാവിയെ കുറിച്ച് ഒരു പാട് സ്വപ്നം നെയ്തവർ,.. ഭാവി .. -- എന്തൊരു നിരർത്ഥകമായ വാക്ക് --- അതിന് വേണ്ടി നാം എന്തൊക്കെയോ കാണിച്ച് കൂട്ടുന്നു... എന്നിട്ടും നമ്മുടെ കൈ പിടിയിലൊതുങ്ങാതെ, നമ്മുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് കൊണ്ട് വേദനകൾ കോറിയിട്ട് കൊണ്ട് അവ നമ്മുടെ ' ഭൂത,ങ്ങളാവുന്നു.. അപ്പനുമമ്മയ്ക്കും ഒരേ ഒരു മകനായ ആൽബേർട്ടിന്റെ പിടിവാശിക്ക് വഴങ്ങിയ ആ അമ്മച്ചി ഭാവി മരുമകൾക്ക് ആദ്യമായി കൊടുത്ത സമ്മാനം എന്നും രാത്രി കിടക്കുന്നതിന് മുമ്പ് അവൾ വായിക്കാൻ മറന്നില്ല... ബൈബിൾ.. അവളുടെ വീട്ടിലാവട്ടെ അവളെ ഈ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാം എന്ന ഉറച്ച വിശ്വാസവും...
പരീക്ഷക്കാലം..സമയം തെറ്റി വന്ന ഒരു സന്ദർശക വിളി കേട്ടപ്പോഴേഎന്തോ ഒരു കുഴപ്പമുണ്ടെന്ന് ഞങ്ങൾക്ക് തോന്നി... അലീനയെ കൂട്ടികൊണ്ടു പൊവാൻ അവളുടെ അച്ഛൻ വന്നിരിക്കുന്നു... അതും ഞാറാഴ്ച്ച രാത്രി പത്ത് മണിക്ക്... പിറ്റേന്ന് നേരം പുലർന്നത് ആൽബേർട്ടിന്റെ മരണവാർത്തയുമായാണ്.. ഇൻജിനിയറിങ്ങ് വിദ്യാർത്ഥിയായ ആൽബർട്ട് കൂട്ടുകാരോടൊപ്പം ഞാറാഴ്ച്ച ആഘോഷിക്കാൻ പോയ കടവിൽ നിന്ന് തിരിച്ച് വന്നത് ജീവച്ഛവമായി...ശേഷം ഉണ്ടായതൊന്നും ഞങ്ങൾക്കറിയില്ല... അവളെ പരീക്ഷ ഹാളിൽ കണ്ടതുമില്ല
.......................................................
കുടുംബ ജീവിതം എന്ന മഹാ സാഹസത്തിന് ഒരുങ്ങി പുറപ്പെടുമ്പോൾ അറിഞ്ഞില്ല.. ജീവിതം ഇത്രയേറെ യാത്രകൾ നിറഞ്ഞതായിരിക്കുമെന്ന് .അങ്ങിനെയുള്ള ഒരു യാത്രയിൽ കണ്ടുമുട്ടിയ ഒരു പഴയ സഹപാഠി പറഞ്ഞറിഞ്ഞു, ഏറെ വൈകിയാണെങ്കിലും അലീനയുടെ കല്യാണം കഴിഞെന്ന്......
ഇത് വായിക്കുമ്മേൾ, പേരുകൾ മാറ്റിയെങ്കിലും അലീനാ.. നിനക്കറിയാം.. ഇത് നിന്നെ കുറിച്ചാണെന്ന്. ഈ സിനിമ നീയും കണ്ടിട്ടുണ്ടാവണം... കാഞ്ചന നിന്നിൽ കുറ്റബോധം ഉണർത്തിയോ? എനിക്കറിയില്ല.. എല്ലാം അറിഞ്ഞ് മനസ്സിലാക്കിയ ഒരാളാണോ നിനക്ക് തുണയായ് എത്തിയത്? ആ നഷ്ടപ്രണയത്തിന്റെ തീരാനൊമ്പരം നിന്നെ കൊത്തി വലിക്കുന്നുണ്ടാവുമോ? നിശബ്ദമായി നീ അലമുറിയിടുകയാണോ?
ഓരോ ജീവിതം പോലെ തന്നെ പ്രണയവും നിർവചനാതീതമാണ് .അവ താരതമ്യം ചെയ്യുന്നത് പോലും മണ്ടത്തരമാണ്.. കഞ്ചന കല്യാണം കഴിയാത്ത വിധവയായി ജീവിക്കുന്നത് അവരുടെ മാത്രം തീരുമാനം -അതിൽ അവരുടെ സന്തോഷവും ജീവിതവും ദാമ്പത്യവും ഉണ്ട്. ആരുടെയൊക്കെയോ സമ്മർദ്ദത്തിന് വഴങ്ങി ഒരു കുടുംബ ജീവിതത്തിന് നീ മുതിർന്നെങ്കിൽ അതിലാവട്ടെ നിന്റെ സന്തോഷവും ജീവിതവും... അടിയൊഴുക്കുകൾ മറച്ചുവച്ച് ഒഴുകുന്ന ഇരവഴഞ്ഞി പുഴ പോലെ ജീവിതം ഒഴുകുവാനുള്ളതാണ്. എത്ര പ്രഗൽഭ തോണിക്കാരനും അത് കുത്തി നിർത്താൻ ഒത്തെന്നു വരില്ല.... എന്തിനധികം? അതിന്റെ ഗതി വികതികൾ തീരുമാനിക്കാൻപോലും നമ്മളെ കൊണ്ടു ആവിലല്ലോ ----